കൊലപാതകം ആത്മഹത്യയാക്കി പൊലീസ്? റിനിയുടെ മരണമൊഴി മാറ്റിയെന്ന് അമ്മ

തിങ്കള്‍, 7 മെയ് 2018 (09:30 IST)
മകളുടെ കൊലപാതകം ആത്മഹത്യയാക്കാൻ പൊലീസ് ശ്രമിച്ചുവെന്ന പരാതിയുമായി അമ്മ. തിരുവനന്തപുരം ധനുവച്ചപുരം നെടിയാന്‍കോട് പറയന്‍വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി (24) ആണ് പൊള്ളലേറ്റു മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് റിനിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാര്‍ച്ച് 18-നായിരുന്നു മരണം. 
 
ഭർത്താവും വീട്ടുകാരും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന യുവതിയുടെ മരണമൊഴി പൊലീസ് തിരുത്തിയെന്നാണ് മാതാവ് റൂബി ആരോപിക്കുന്നത്. പൊള്ളലേറ്റതിനുശേഷം ചികിത്സയിൽ ഇരിക്കേ റിനി ‘ഭർത്താവും വീട്ടുകാരും ചേർന്ന് മണ്ണെണ്ണയൊഴിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന്’ അമ്മയോട് പറഞ്ഞിരുന്നു. ഇത് റൂബി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. 
 
എന്നാൽ, പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനം മൂലമുള്ള നിരാശയില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു റിനിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 
മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് ആന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും റൂബി പരാതി നല്‍കിയിട്ടുണ്ട്. വിവാഹശേഷം ശ്ത്രീധനം ആവശ്യപ്പെട്ട് റിനിയെ ഭർത്താവിന്റെ വീട്ടുകാർ മർദ്ദിച്ചിരുന്നുവെന്ന് മകൾ പലതവണ അറിയിച്ചിരുന്നുവെന്ന് റൂബി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍