India - USA Trade:ട്രംപിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത്, പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ല, പ്രതികരിക്കാതെ പ്രധാനമന്ത്രി
വ്യാപാരക്കരാറില്‍ കാര്‍ഷിക മേഖലയില്‍ ഇന്ത്യ ഇളവ് നല്‍കാത്തതാണ് ട്രംപിനെ ചൊടുപ്പിച്ചത്. എന്നാല്‍ അമേരിക്ക ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അപ്പാടെ തകര്‍ക്കുന്നതാണ്. അത്തരത്തിലൊരു മാറ്റമുണ്ടായാല്‍ രാജ്യം സാമ്പത്തികമായി പിന്നോട്ട് പോകുമെന്നത് മാത്രമല്ല് ഭരണത്തില്‍ നിന്ന് ബിജെപി പുറത്താകാന്‍ വരെ അത് കാരണമായേക്കും. ഇന്ത്യയിലെ സിംഹഭാഗം വരുന്ന ജനങ്ങളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നതിനാല്‍ അമേരിക്കന്‍ ആവശ്യങ്ങള്‍ ഇന്ത്യയ്ക്ക് നടപ്പാക്കാനാവില്ല.
അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കണമെന്ന ആവശ്യം ഇന്ത്യന്‍ കര്‍ഷകരെ പ്രകോപിപ്പിക്കുകയും രാജ്യമാകെ പ്രതിഷേധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന മിനിമം പ്രൈസ് സപ്പോര്‍ട്ട് നിര്‍ത്തലാക്കണം, വളം, വൈദ്യുതി, സബ്‌സിഡികള്‍ എന്നിവ വേള്‍ഡ് ട്രേഡ് ഓര്‍ഗണൈസേഷന്‍ നിയമങ്ങള്‍ പ്രകാരം ഒഴിവാക്കണം എന്നീ നിബന്ധനകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തന്നെ തകര്‍ക്കുന്നതാണ്.
ഇതിന് പുറമെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന റഷ്യന്‍ എണ്ണ ഒഴിവാക്കുന്നത് ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. റഷ്യന്‍ എണ്ണയില്‍ വിട്ടുവീഴ്ച ചെയ്താലും കാര്‍ഷിക മേഖലയെ ബാധിക്കുന്ന മാറ്റങ്ങള്‍ വ്യാപാരക്കരാറില്‍ വരുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ നടപടികള്‍ക്കെതിരെ പ്രതികരിക്കാതെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനും സാധിക്കില്ല. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരണം നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായിട്ടില്ല.