നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (12:28 IST)
ഉറി ഭീകരാക്രമണത്തിനു മറുപടിയായി പാക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതലയോഗം വിളിച്ചു. അന്താരാഷ്‌ട്ര അതിര്‍ത്തി നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷ കാബിനറ്റ് കമ്മിറ്റിയുടെ യോഗം വിളിച്ചിരിക്കുന്നത്.
 
അതിര്‍ത്തിയിലെ സുരക്ഷ സൈനിക ദൌത്യത്തെ തുടര്‍ന്ന് ശക്തിപ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്തുകൊണ്ട് സൈന്യം മിന്നലാക്രമണം നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു.
 
ഇന്ത്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ തീവ്രവാദികള്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് ആയിരുന്നു രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ ഐക്യരാഷ്‌ട്രസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Article