നഗരങ്ങളിൽ മാത്രം നിലനിൽക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യനിയന്ത്രണച്ചട്ടങ്ങൾ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുള്ള നിയന്ത്രണം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയമാണ് കർശനമാക്കിയത്. ചട്ടം ലംഘിച്ചാൽ പിഴ ഈടാക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ഹാൻഡ്‌ലിങ് ചട്ടങ്ങൾ ഭേദഗതി ചെയ്താണ് കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം കർശനവ്യവസ്ഥകൾ കൊണ്ടുവന്നത്. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുതുക്കിയ ചട്ടം 2016- പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ഹാൻഡ്‌ലിങ് പ്റത്തിറക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം 40 മൈക്രോണില്‍ നിന്ന് 50 മൈക്രോണായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടെ കനം 50 മൈക്രോണായി നിജപ്പെടുത്തുമെന്നും ചട്ടം അവകാശപ്പെടുന്നു.
നഗരങ്ങളിൽ മാത്രം വിപുലമായിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലും വ്യാപകമായ സാഹചര്യത്തിലാണ് ചട്ടം വിപുലീകരിച്ചത്. വിവാഹം, മത-രാഷ്ട്രീയ-സാമൂഹിക പരിപാടികള്‍ എന്നിവയുടെ സംഘാടകര്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം പുതുക്കിയ ചട്ടത്തില്‍ വ്യവസ്ഥചെയ്യുന്നു. ആദ്യമായാണ് ചടങ്ങുകളുടെ സംഘാടകരെ ചട്ടങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിന് ഫീസ് നൽകാനും ചട്ടലംഘനത്തിന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. പ്ലാസ്റ്റിക് ഉത്പാദകര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, നിര്‍മാതാക്കള്‍, കയറ്റുമതി ഇടപാടുകാര്‍ തുടങ്ങിയവരേയും പുതിയ ചട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒമ്പതിനായിരം ടണ്‍മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നത്. ബാക്കി 6000-ടണ്ണും മാലിന്യമായി അവശേഷിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഉത്പന്നങ്ങൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ സമ്പൂര്‍ണപ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ കഴിയില്ല എന്നാണ് സർക്കാർ അഭിപ്രായപ്പെടുന്നത്. കനം വര്‍ധിപ്പിക്കുന്നതോടെ ക്യാരി ബാഗുകളുടെ നിര്‍മാണച്ചെലവ് 20 ശതമാനത്തോളം കൂടും. ഇതോടെ സൗജന്യമായി ഇവ നല്‍കാനുള്ള പ്രവണത കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിലൂടെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കാമെന്നാണ് ധാരണ.