പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധിപ്പിച്ചു

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (14:26 IST)
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. പെട്രോളിന്മേല്‍ ലിറ്ററിന് 30 പൈസയും ഡീസലിന്മേല്‍ ലിറ്ററിന് 1.17 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുക 2,500 കോടിയുടെ അധികവരുമാനമാണ് ഉണ്ടാകുകയെന്ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. രാജ്യാന്തര വിലയിടിവിനനുസരിച്ച് വില കുറയ്ക്കുന്നുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു.

അന്താരാഷ്ട്രവിപണിയില്‍ 2009 ഫിബ്രവരിക്കു ശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില 35 ഡോളറില്‍ താഴെ എത്തുന്നത്. ആറ് ആഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്.  നവംബര്‍ ഏഴിന് പെട്രോളിന് 1.60 പൈസയും ഡീസലിന് 30 പൈസയും തീരുവ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, വർധനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികൾ ഇന്നലെ കുറച്ചിരുന്നു. പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയുമാണ് കുറച്ചത്. നികുതി കൂടി ഉൾപ്പെടുമ്പോൾ കേരളത്തിൽ പെട്രോളിന് 54 പൈസയും ഡീസലിന് 50 പൈസയും കുറയും. പുതിയ വില ഇന്നലെ അർധരാത്രി നിലവിൽ വന്നു.