ഭീകരതയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.
നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി അറിയിച്ചതിന്റെ പിറ്റേ ദിവസം മോദിയെ അഭിനന്ദിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍മാരായ പേടിഎം വിവിധ പത്രങ്ങളില്‍ പരസ്യം നല്‍കിയതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചത്.
പ്രധാനമന്ത്രിയെ അനുമോദിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയതിലൂടെ മോദിയും പേടിഎമ്മും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തത്. ഈ നീക്കത്തിലൂടെ പേടിഎം നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും ഇറങ്ങിയ നിരവധി പത്രങ്ങളില്‍ മോദിയെ അഭിന്ദിച്ചുകൊണ്ടുള്ള പരസ്യം പെടിഎം നല്‍കിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ധീരമായ തീരുമാനമെടുത്തതില്‍ താങ്കളെ അഭിനന്ദിക്കുന്നു - എന്നാണ് പേടിഎം മോദിയുടെ ചിത്രങ്ങള്‍ സഹിതം പത്രങ്ങളില്‍ പരസ്യം നല്‍കിയത്.
ഈ പരസ്യത്തിലൂടെ പെടിഎം നേട്ടമുണ്ടാക്കിയെന്നുമാണ് കെജ്‌രിവാളിന്റെ ആരോപണം. പേടിഎമ്മിന്റെ ക്രയവിക്രയങ്ങളില്‍ 25ശതമനത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.