ആന ചെരിഞ്ഞ സംഭവത്തില്‍ ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ അസം വനം മന്ത്രി പ്രമീള റാണി ബ്രഹ്‌മ ഉത്തരവിട്ടു. തേസ്‌പുരിലുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രജക്‍ട് സെറ്റിലെ കുഴിയില്‍ വീണാണ് ആന ചെരിഞ്ഞത്. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വനം വകുപ്പിന് മന്ത്രി കര്‍ശനം നിര്‍ദേശം നല്‍കി.
ആനക്കൂട്ടത്തിന്റെ സഞ്ചാരമേഖലയിലാണ് പതഞ്ജലിയുടെ വ്യവസായിക ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിക്കുന്നത്. ഇവിടെവച്ചാണ് പല ഉത്പ്‌ന്നങ്ങളുടെയും പരീക്ഷണങ്ങളും നിര്‍മാണവും നടക്കുന്നതെന്നും സൂചനയുണ്ട്. മതിയായ നിര്‍ദേശങ്ങളും സുരക്ഷയുമില്ലാതെ വലിയ കുഴി നിര്‍മിക്കുകയും കൃത്യമായി സംരക്ഷണം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്‌തതിനാണ് കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
പത്ത് അടി താഴ്‌ചയുള്ള വലിയ കുഴിയില്‍ വീണ പിടിയാനയുടെ മുകളിലേക്ക് മറ്റൊരു കൊമ്പനാന വീഴുകയായിരുന്നു. കൊമ്പനാന കരയ്‌ക്ക് കയറിയെങ്കിലും പരുക്കുകളേറ്റ പിടിയാന ചെരിയുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.