തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിന് 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ലളിത് നരേൻ മിസ്രയാണ് ഈ പിഴ വിധിച്ചത്. ഒരുമാസത്തിനകം പിഴയടയ്ക്കാന്‍ കോടതി പതഞ്ജലി ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.
മറ്റ് കമ്പനികൾ നിർമ്മിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതിനും തുടര്‍ന്ന് അതിന്റെ പരസ്യം നൽകിയതിനുമാണ് കോടതി പിഴ വിധിച്ചത്. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52,53 എന്നീ വകുപ്പുകള്‍ പ്രകാരവും പാക്കേജിങ് ആന്‍ഡ് ലേബലിങ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് ഈ പിഴ ശിക്ഷ.
പതഞ്ജലി ഗ്രൂപ്പിന്റെ ഉൽപന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് മറ്റൊരു കേസും നിലവിലുണ്ട്. 2012ലായിരുന്നി ആ കേസ് രജിസ്റ്റർ ചെയ്തത്. ആ കേസിന്റെ വാദം ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.