ജയലളിതയ്ക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ നിരവധി ആളുകളാണ് തമിഴ്നാട്ടില്‍ ജീവനൊടുക്കിയത്. എന്നാല്‍ ഇപ്പോള്‍ ജയലളിത മുഖ്യമന്ത്രിയാവാന്‍ വൈകുന്നതിലുളള വിഷമം മൂലം ഒരാള്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. എഐഎഡിഎംകെ പ്രവര്‍ത്തകനായ രാജ എന്ന ആളാണ് ജയലളിത മുഖ്യമന്ത്രിയാകാത്തതില്‍ മനം നൊന്ത് തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇയാള്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനും എഐഎഡിഎംകെ മണ്ഡലം പ്രതിനിധിയുമാണ്.
ജയലളിത എപ്പോഴാണ് മുഖ്യമന്ത്രിയാകുന്നതെന്ന് രാജ മുതിര്‍ന്ന നേതാക്കളോട് പലവട്ടം ചോദിച്ചിരുന്നു, എന്നാല്‍ നേതാക്കള്‍ക്ക് ഇതിന് കൃത്യമായി മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ കുടുംബാംഗങ്ങളോടും ജയലളിത മുഖ്യമന്ത്രിയാകുന്നത് വൈകുന്നതില്‍ രാജ വിഷമം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച രാത്രി വീട്ടില്‍ നിന്നും ഭക്ഷണമൊന്നും കഴിക്കാതെ പുറത്തിറങ്ങിയ ഇയാള്‍ തീവണ്ടിക്കുമുന്നില്‍ ചാടി മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജയലളിത മുഖ്യമന്ത്രിയാകാന്‍ വൈകുന്നതില്‍ വിഷമിച്ച് കുഭകോണത്ത് മറ്റൊരു എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച ഇയാളുടെ നില ഗുരുതരമാണ്.