സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് മരണം. ഒരു സ്ത്രീ അടക്കം ആറു ഗ്രാമീണര്‍ ആണ് പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ ആയിരുന്നു ആക്രമണം.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പൂഞ്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരുന്നു അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നത്.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധവക്താവ് അറിയിച്ചു. പൂഞ്ച് ജില്ലയിലെ ബാലക്കൊട്ട് സെക്ടറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ഷെല്ലാക്രമണത്തിലാണ് 12 വയസ്സുള്ള കുട്ടിയും സ്ത്രീയും ഗ്രാമത്തലവനും ഉള്‍പെടെ ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.