കശ്മീരിൽ പാകിസ്ഥാൻ പതാക ഉയർത്തുന്നവർ പാകിസ്ഥാനിൽ പോയി അവരെ സഹായിക്കട്ടെയെന്ന് ജമ്മുകശ്മീർ മന്ത്രിയും മുൻ വിഘടനവാദി നേതാവുമായ സജ്ജാദ് ഗനി ലോൺ. ഒരു പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗനി ലോൺ ഇക്കാര്യം പറഞ്ഞത്.
താൻ ഇന്നുവരെ പാകിസ്ഥാൻ പതാക ഉയർത്തിയിട്ടില്ലെന്നും ലോൺ പറഞ്ഞു . വിഘടനവാദിയായിരുന്നപ്പോഴും ഉയർത്തിയിട്ടില്ല . പാകിസ്ഥാൻ പതാക ഉയർത്തുന്ന ഒരു സമ്മേളനത്തിലും സംസാരിച്ചിട്ടുമില്ല. ലോൺ വ്യക്തമാക്കി. സയ്യദ് അലി ഷാ ഗിലാനിയോട് ഒരു പ്രായമുള്ള മനുഷ്യൻ എന്ന നിലയിൽ മാത്രമേ ബഹുമാനമുള്ളൂവെന്നും ഗനി ലോൺ കൂട്ടിച്ചേർത്തു.
ബിജെപിയുമായി വാജ്പേയിയുടെ കാലം തൊട്ടേ തനിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഗനിലോൺ , കീഴടങ്ങിയതിനു ശേഷം തനിക്ക് നല്ല സുരക്ഷ നൽകിയത് ബിജെപിയാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് എറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ നടന്നത് കോൺഗ്രസ് ഭരണകാലത്താണെന്നും ബിജെപി അതിനേക്കാൾ എത്രയോ ഭേദമാണെന്നും ഗനി ലോൺ അഭിപ്രായപ്പെട്ടു.