പാകിസ്ഥാനുമായി യുദ്ധമുണ്ടായേക്കുമെന്ന് കരസേനാ മേധാവി

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (13:30 IST)
കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയായതോടെ പാകിസ്ഥാനുമായി യുദ്ധമുണ്ടായേക്കാമെന്ന് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. പാകിസ്ഥാനുമായി എപ്പോൾ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യൻ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്നുമാണ്  കരസേനാ മേധാവി ദൽബീർ സിംഗ് നല്‍കിയ മുന്നറിയിപ്പ്.

ജമ്മു കശ്മീരിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കാൻ പാക്കിസ്ഥാൻ പുതിയ രീതികൾ തേടുകയാണ്. ഭാവിയിൽ ചെറിയൊരു യുദ്ധത്തിലേക്ക് ഇതെത്തിയേക്കുമെന്നും ഇന്ത്യൻ സേന അതു നേരിടാൻ തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്തു നിന്നും തുടരെ വെടിനിർത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാൽ അതിർത്തിയിൽ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1965 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. പാക്കിസ്ഥാന് ശക്തമായ രീതിയിൽ തന്നെ ഇന്ത്യൻ സൈന്യം മറുപടി നൽകി. യുദ്ധസമയത്ത് ഇന്ത്യൻ ജനതയുടെ ഭാഗത്തുനിന്നും സൈന്യത്തിന് പിന്തുണയുണ്ടായി. അതു വിജയത്തിന് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.