ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ ജനത മുന്നിട്ടിറങ്ങണം, എന്നാല്‍ സമാധാനത്തോടെ ഭക്ഷണം കഴിച്ചു ജീവിക്കാം: പ്രധാനമന്ത്രി നരേന്ദ്രമോദി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 27 മെയ് 2025 (10:15 IST)
ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ ജനത മുന്നോട്ട് ഇറങ്ങണമെന്നും എന്നാല്‍ സമാധാനത്തോടെ ഭക്ഷണം കഴിച്ചു ജീവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് പാക് അതിര്‍ത്തിയായ കച്ചിലെ പൂജില്‍ അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. 
 
ഭീകരത നിങ്ങളുടെ സര്‍ക്കാരിനും സൈന്യത്തിനും ധനത്തിനുള്ള മാര്‍ഗമാണ്. ഇതിനെതിരെ നിങ്ങള്‍ മുന്നോട്ട് വരണം. അപ്പോള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കില്‍ എന്റെ വെടിയുണ്ട നേരിടേണ്ടി വരും- എന്ന് മോദി മുന്നറിയിപ്പ് നല്‍കി. ഇന്ത്യ വിനോദസഞ്ചാരത്തില്‍ വിശ്വസിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരതയാണ് വിനോദസഞ്ചാരം എന്ന് കരുതുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഞാന്‍ പാക് ജനതയോട് ചോദിക്കുകയാണ്, നിങ്ങള്‍ എന്തു നേടി, ഇന്ത്യ ലോകത്തിന്റെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു നിങ്ങളുടെ സ്ഥിതി എന്താണ്, ഭീകരതയെ പ്രോത്സാഹിപ്പിച്ചാല്‍ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നതെന്നും മോദി പറഞ്ഞു.
 
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം 15 ദിവസം ഞാന്‍ കാത്തിരുന്നു. പാക്കിസ്ഥാന്‍ നടപടിയെടുക്കുമോ എന്ന് നോക്കി. പക്ഷേ അതുണ്ടായില്ല. അത് അവരുടെ അന്നമാണെന്നും പ്രധാന മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം 11 വര്‍ഷം പിന്നിടുന്ന ദിവസമാണ് മോദി ഗുജറാത്തില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍