ലഷ്‌കറെ തോയിബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നതായി അമേരിക്ക

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (10:00 IST)
പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയിബ ഇന്ത്യയില്‍ വന്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഡല്‍ഹിയിലും ജമ്മു- കശ്‌മീരിലും ഭീകരാക്രമണം നടത്താനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അടുത്ത മാസം റിപ്പബ്ലിക്‌ ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമ ഇന്ത്യയില്‍ എത്തുന്നതും ജമ്മു- കശ്‌മീര്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതുമാണ് ആക്രമണത്തിനായി ഈ സമയം തെരഞ്ഞെടുക്കാന്‍ കാരണം. ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് വന്‍ സുരക്ഷയാണ് ഒരുക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

പാര്‍ലമെന്റ്‌ മന്ദിരം, ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം, ഡല്‍ഹി മെട്രോ എന്നിവയ്‌ക്കുള്ള സുരക്ഷ കൂട്ടാന്‍ ഇന്റലിജന്‍സ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഡല്‍ഹി പൊലീസ്‌ കമ്മിഷണര്‍ ബിഎസ്‌ ബാസി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവലുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.