പാകിസ്ഥാനിലെ ഭീകരാക്രമണം അപലപനീയമെന്ന് മോഡി

Webdunia
ബുധന്‍, 13 മെയ് 2015 (16:21 IST)
പാകിസ്ഥാനിലെ കറാച്ചിയില്‍ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തെ  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. കറാച്ചിയിലെ ആക്രമണം വളരെയധികം വിഷമപ്പിക്കുന്നതാണെന്നും  അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആക്രമണത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്വിറ്ററില്‍ കുറിച്ചു.

പാകിസ്ഥാനിലെ കറാച്ചിയില്‍ ഭീകരര്‍ ബസിനു നേരെ നടത്തിയ വെടിവെപ്പില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ സഫൂര ചൗക്കില്‍ ഇസ്മായിലി കമ്യൂണിറ്റിയുടെ അംഗങ്ങളെ കൊണ്ടുപോയ ബസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. നാലു ബൈക്കിലെത്തിയ എട്ടോളം ഭീകരര്‍ ബസിനു നേരെ നിറയൊഴിക്കുകയായിരുന്നു.ഭീകരസംഘടനയായ തെഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.