പീഡനങ്ങള്‍ പേടിച്ച് പാകിസ്ഥാനില്‍ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ക്ക് പുതിയ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടികള്‍ ആശ്വാസമാകുന്നു. ദീര്‍ഘകാല വിസയുള്ള പാക് ഹിന്ദുക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളും താമസിക്കാനായി വസ്‌തുവാങ്ങുന്നതിനുമുള്ള അംഗീകാരം നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍.
ഇന്ത്യന്‍ പൗരനല്ലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയ്‌ക്ക് ഇവര്‍ നല്‍കുന്ന സംഭാവന പരിഗണിച്ചാണ് ബാങ്കിംഗ് സൗകര്യം പരിഗണിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ വിസയുടെ അടിസ്‌ഥാനത്തില്‍ ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, താമസ സ്‌ഥലം സ്വന്തമാക്കാനുള്ള അനുമതി വിദേശ റജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്‌ആര്‍ഒ) അല്ലെങ്കില്‍ വിദേശ റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്‌ആര്‍ആര്‍ഒ) നല്‍കും.
ദീര്‍ഘകാല വിസയുടെ അടിസ്‌ഥാനത്തില്‍ എല്ലാ പാകിസ്‌ഥാനികള്‍ക്കും ബാങ്ക് അക്കൗണ്ടുകളും വസ്‌തു വാങ്ങാനുള്ള അനുമതിയും ആര്‍ബിഐ യുടെ അനുമതിയോടെയാണ്. അതേസമയം സൂഷ്‌മ നിരീക്ഷണത്തിന് അനുസരിച്ചായിരിക്കും ഇക്കാര്യം പരിഗണിക്കുക. ഇക്കാര്യത്തില്‍ വിവിധ ഘടകങ്ങളും സുരക്ഷാ കാര്യങ്ങളും പരിഗണനാ വിഷയമായിരിക്കുമെന്ന് ഉന്നതോദ്യോഗസ്‌ഥര്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ ഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഇക്കാര്യം.