പാക് ബോട്ട് തകര്‍ത്തതാണെന്ന പ്രസ്താവന: ലൊഷാലിക്കെതിരെ നടപടി

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (20:10 IST)
പുതുവര്‍ഷത്തലേന്ന് ഗുജറാത്ത് തീരത്ത് തീരസംരക്ഷന സേന കണ്ടെത്തിയ പാക്ക് ബോട്ട് കത്തിയതല്ലെന്നും തങ്ങള്‍ കത്തിച്ചതാണെന്നുമുള്ള വിവാദ പ്രസ്താവന നടത്തിയ തീരസംരക്ഷണസേന ഡിഐജി ബികെ ലോഷാലിക്കെതിരെ നടപടി. വടക്ക്-പടിഞ്ഞാറന്‍ മേഖലയുടെ ഡിഐജി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അദ്ദേഹം അന്വേഷണം നേരിടും. നേരത്തെ ലോഷാലിയുടെ വിശദീകരണം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. 
 
സര്‍ക്കാരിന്റെ അഭിപ്രായത്തിന് വിരുദ്ധമായ പ്രസ്താവന നടത്തിയതിനാണ് നടപടി. ഡി.ഐ.ജി.ക്ക് തീരരക്ഷാസേന നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള വിശദീകരണം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഡിസംബര്‍ 31ന് രാത്രി ഗുജറാത്ത് തീരത്ത് കടലില്‍ പൊട്ടിത്തെറിച്ച പാക്കിസ്ഥാന്‍ ബോട്ട് തീരസംരക്ഷണ സേന തകര്‍ത്തതാണെന്നാണ് തീരസംരക്ഷണസേന ഡിഐജി പറഞ്ഞത്. ബോട്ട് കത്തിക്കാന്‍ താനാണ് ഉത്തരവിട്ടതെന്നും ബോട്ടിലുണ്ടായിരുന്നവര്‍ക്കു ബിരിയാണി കൊടുക്കുകയല്ല തങ്ങളുടെ ജോലിയെന്നും ഡിഐജി ലോഷാലി പറഞ്ഞിരുന്നു.
 
എന്നാല്‍ സ്‌ഫോടകവസ്തുവുമായി പോവുകയായിരുന്ന പാക് ബോട്ടിനെ ഇന്ത്യന്‍ തീരരക്ഷാസേന പിന്തുടര്‍ന്നതോടെ അതിലുണ്ടായിരുന്നവര്‍ സ്വയം സ്‌ഫോടനം നടത്തുകയായിരുന്നെന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ പക്കല്‍ ഇതിന്റെ തെളിവുകളുണ്ടെന്നും ആവശ്യമെന്നു തോന്നുന്ന അവസരത്തില്‍ സര്‍ക്കാര്‍ തെളിവുകള്‍ പുറത്തു വിടുമെന്നും  പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. 
 
ഡിഐജിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്യുകയാണെന്നായിരുന്നു തീരസംരക്ഷണ സേനയുടെ വിശദീകരണം. സംഭവം വിവാദമായതോടെ താന്‍ ഉദ്ദേശിച്ചതു ഇന്ത്യന്‍ തീരത്തേക്കു വിദേശ കടന്നു കയറ്റം അനുവദിക്കില്ലെന്നാണെന്നു ലോഷാലി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ലോഷാലി നടത്തിയ പ്രസംഗത്തിന്റെവീഡിയോ ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നതിനാല്‍ ആ വാദവും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.