‘പദ്മാവതി'ക്ക് സെന്‍സര്‍ ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നു പറയാൻ എങ്ങനെ സാധിക്കും?; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ചൊവ്വ, 28 നവം‌ബര്‍ 2017 (13:44 IST)
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ പദ്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഉത്തരവാദിത്തപരമായ സ്ഥാനം വഹിക്കുന്നവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്ന് കോടതി അറിയിച്ചു. സിനിമയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തി രംഗത്തെത്തിയ മുഖ്യമന്ത്രിമാരെ കോടതി താക്കീത് ചെയ്യുകയും ചെയ്തു. 
 
ഒരു സിനിമ പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന കാര്യം തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിന്‍റെ അധികാരത്തില്‍പ്പെട്ട വിഷയമാണ്. ചിത്രം പരിശോധിച്ച ശേഷം ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നു പറയാൻ ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവർക്ക് എങ്ങനെയാണ് സാധിക്കുകയെന്നും അങ്ങനെ പറയുന്നതു നിയമത്തിന് എതിരാണെന്നും കോറ്റതി വ്യക്തമാക്കി.
 
നേരത്തേ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര റാണി പദ്മാവതിയുടെ സ്വഭാവഹത്യയാണ് സിനിമയിലുടെ ചെയ്യുന്നതെന്നും ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ കോറ്റതിയില്‍ ആരോപിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍