‘പത്മാവതി’ക്കു രക്ഷയില്ല; മോദിയുടെ നാട്ടില്‍ ചിത്രത്തിന് നിരോധനം
ബുധന്‍, 22 നവംബര്‍ 2017 (18:17 IST)
മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തിലും ബോളിവുഡ് ചിത്രം പദ്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം. രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിലും ചിത്രം നിരോധിച്ചിരിക്കുന്നത്.
രജപുത്രന്മാരുടെ വികാരം വ്രണപ്പെടുത്തുന്ന സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.
വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ചരിത്രം വികലമാക്കാൻ അനുവദിക്കില്ല. നമ്മുടെ മഹത്തായ സംസ്കാരത്തെ കളങ്കപ്പെടുത്തുന്ന ഒന്നിനോടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും വിജയ് രൂപാണി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനും ജനവികാരം മാനിക്കാനും വേണ്ടിയാണ് ഗുജറാത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയതെന്നും വിജയ് രൂപാണി പറഞ്ഞു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത് ക്രമസമാധാന നില തകരാതിരിക്കാനും ജനവികാരം മാനിച്ച് കൂടിയാണെന്നും വിജയ് രൂപാണി വിശദീകരിച്ചു.