ഹാദിയയ്ക്കു പഠനം തുടരാം, ഭ​ർ​ത്താ​വി​നൊ​പ്പ​മോ അ​ച്ഛ​നൊ​പ്പ​മോ പോ​കേണ്ട; അശോകന്റെ വീട്ടുതടങ്കല്‍ പൊളിച്ച് സുപ്രീംകോടതി

തിങ്കള്‍, 27 നവം‌ബര്‍ 2017 (18:05 IST)
ഹാദിയയെ സ്വതന്ത്രയായി വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് ഹാദിയക്ക് പഠനം തുടരാമെന്നും പറഞ്ഞു. മാത്രമല്ല, സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. 
 
ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹിയില്‍ നിന്ന് ഹാദിയയെ കോളേജിലേക്ക് കൊണ്ടുപോകാം. അതുവരെ അവര്‍ കേരളാ ഹൗസില്‍ താമസിക്കണം. ഹാദിയയെ സേലത്തെ കോളേജിലേക്കെത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.
 
തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കോടതി മുമ്പാകെ അറിയിച്ചു. 
 
കഴിഞ്ഞ പതിനൊന്നു മാസമായി താന്‍ മാനസികപീഡനം അനുഭവിക്കുകയാണ്. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന തനിക്ക് ലഭിക്കണമെന്നും ഭര്‍ത്താവിനെ കാണണമെന്നും ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍