പദ്മാവതി തിയേറ്ററുകളിലേക്ക്; തടയുമെന്ന് കർണി സേന
എതിർപ്പുകൾ തുടരവെ വിവാദ ചിത്രം പദ്മാവതി തിയേറ്ററുകളിലേക്ക്. റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
വിവാദങ്ങൾ ശക്തമാണെങ്കിലും ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ സിബിഎഫ്സി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്മാവതി ഈ മാസം തിയേറ്ററുകളിൽ എത്തിക്കുന്നതെന്ന് സഹനിർമാതാക്കളിൽ ഒരാളായ വിയകോം18 മോഷൻ പിക്ചഴ്സ് വക്താക്കളിൽ ഒരാൾ വെളിപ്പെടുത്തി.
വിദഗ്ധസമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച് പദ്മാവത് എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അതേസമയം, സിനിമയിൽ മാറ്റങ്ങൾ വരുത്തിയാലും റിലീസ് തടയുമെന്ന് നിലപാടിലാണ് രജ്പുത് കർണി സേന. പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിവിധ സംഘടനകൾ ഉള്ളത്.