പ്രതിപക്ഷനേതൃസ്ഥാനം: സോണിയ രാഷ്ട്രപതിയെ കണ്ടു

Webdunia
ബുധന്‍, 9 ജൂലൈ 2014 (09:49 IST)
ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്ന് സോണിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് സ്പീക്കര്‍ സുമിത്രാ മഹാജന്‍ തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സോണിയ രാഷ്ട്രപതിയെ കണ്ടത്. 
 
പാര്‍ട്ടി എംപിമാരുമായി സോണിയ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യുപിഎ എംപിമാര്‍ സ്പീക്കര്‍ക്ക് കത്തയയ്ക്കാനും തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന് 44 എംപിമാരാണ് ലോക്‌സഭയിലുള്ളത്. 
 
മൊത്തം അംഗസംഖ്യയുടെ പത്ത് ശതമാനം അംഗങ്ങളെങ്കിലും ഉണ്ടെങ്കിലേ ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയുള്ളൂ എന്ന ചട്ടമാണ് കോണ്‍ഗ്രസിന് വിനയായിരിക്കുന്നത്.