സ്വാശ്രയ മാനേജ്‌മെന്റുകളുടെ മുതലാളിത്ത നേതൃത്വം സിപിഎം ഏറ്റെടുത്തിരിക്കുന്നു; തോന്നല്‍ തെറ്റെങ്കില്‍ സഭയില്‍ തിരുത്തണം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (12:17 IST)
സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സ്വാശ്രയ കോളജ് ഫീസ് ഇളവ് ചെയ്യാത്ത വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ഒരു വിഷയത്തില്‍ നാലുതവണ അടിയന്തരപ്രമേയത്തിന് നോട്ടീസ് അനുവദിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെങ്കിലും അത് അനുവദിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. അനുമതി കിട്ടിയതിനെ തുടര്‍ന്ന് സണ്ണി ജോസഫ് എം എല്‍ എ വിഷയം സഭയില്‍ അവതരിപ്പിച്ചു.
 
അതേസമയം, ഒന്നരമണിക്കൂറോളം സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടായില്ല. പ്രതിപക്ഷവുമായും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും സ്പീക്കര്‍ ചര്‍ച്ച നടത്തി. എന്നാല്‍, ചര്‍ച്ചയില്‍ സമവായം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന്, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
 
സമരം ശക്തമായി തുടരാനാണ് തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭ ബഹിഷ്‌കരിച്ച് പുറത്തെത്തിയതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
 
സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. സര്‍ക്കാരിന്റെ സ്വാശ്രയക്കൊള്ളയ്ക്ക് കൂട്ടു നില്‍ക്കില്ല. സഭാനടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
 
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സഹകരിക്കാതിരുന്ന പ്രതിപക്ഷം കറുത്ത ബാഡ്‌ജ് അണിഞ്ഞാണ് സഭയിലെത്തിയത്.
Next Article