ഡല്‍ഹിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നടക്കുന്ന നിര്‍ണായക ബിജെപി- ആര്‍എസ്എസ് യോഗത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കടുത്ത ചര്‍ച്ചകള്‍ക്ക് കാരണമായി എന്ന് സൂചന. വിഷയം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ആര്‍എസ്‌എസ് നിര്‍ദ്ദേശം നല്‍കി എന്നാണ് പുറത്തുവരുന്ന് റിപ്പോര്‍ട്ടുകള്‍.
ആര്‍എസ്എസ് പ്രതിനിധികള്‍ ഇക്കാര്യം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചു. മറ്റു മന്ത്രിമാരുമായും ആര്‍എസ്എസ് പ്രതിനിധികള്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായാണ് ആര്‍എസ്എസ് ചര്‍ച്ച നടത്തിയത്.
മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന യോഗത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പും മുഖ്യചര്‍ച്ചാ വിഷയമാകും. അതേസമയം യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരിക്കുന്ന വിഎച്‌പി നേതാക്കള്‍ രാംക്ഷേത്ര വിഷയം ഉയര്‍ത്തിയെന്നാണ് വിവരം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിഷയത്തില്‍ അനുകൂല നിര്‍ദ്ദേശമുണ്ടാകണമെന്നാണ് അവരുടെ ആവശ്യം.