ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതി പ്രഖ്യാപനം ഓഗസ്റ്റ് 28ന് ഉണ്ടായേക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി ആയിരിക്കും നടപ്പിലാക്കുക. 1965ലെ യുദ്ധത്തിന്റെ 50ആം വാര്‍ഷിക ദിനമാണ് ഓഗസ്റ്റ് 28. ഇക്കാരണത്താലാണ് അന്നേദിവസം പദ്ധതിയുടെ പ്രഖ്യാപനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച മൂന്നു സൈനികര്‍ നിരാഹാര സമരത്തിലാണ്. ഇതില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കേണല്‍ പുഷ്‌പേന്ദ്ര സിങ്ങിനെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും തിയതി സംബന്ധിച്ച പ്രഖ്യാപനമൊന്നും അന്നേദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നില്ല.