കേന്ദ്രത്തിന്റെ വണ്‍ റാങ്ക് വന്‍ പെന്‍ഷന്‍ പദ്ധതി കബളിപ്പിക്കല്‍: എകെ ആന്റണി

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (16:46 IST)
വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി എകെ ആന്റണി. കേന്ദ്ര സര്‍ക്കാര്‍ വിരമിച്ച സൈനികരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സൈനികരെ കബളിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ബിജെപി നേരത്തെ നല്കിയ വാഗ്ദാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്നും ആന്റണി പറഞ്ഞു.

ജവാന്മാർക്ക് നൽകിയ ഉറപ്പുകളിൽ കേന്ദ്ര സർക്കാർ വെള്ളം ചേർത്തിരിക്കുകയാണ്. നേരത്തേയുള്ള പ്രഖ്യാപനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. നാലു പതിറ്റാണ്ടായി നടപ്പാക്കാതെ കിടന്നതാണ് ബി.ജെ.പി സർക്കാർ നടപ്പാക്കിയതെന്ന വാദം തെറ്റാണ്. 2014 ഫെബ്രുവരിയിൽ പദ്ധതി നടപ്പാക്കുന്നതിന് അന്നത്തെ യു.പി.എ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നെന്നും ആന്റണി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിശ്ശിക നാലുതവണയായി നല്‌കും. പെന്‍ഷന്‍ പരിഷ്‌കരണം അഞ്ച് വര്‍ഷത്തിലൊരിക്കല്‍. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷന്‍. 2014 ജൂലൈ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.

2013 നെ അടിസ്ഥാനവര്‍ഷമായി കണക്കാക്കിയായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. പെന്‍ഷന്‍ പരിഷ്‌കരണം അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കും. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷന്‍ ഉണ്ടാകും. അതേസമയം, സ്വയം വിരമിച്ചവര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആനുകൂല്യം ഉണ്ടായിരിക്കില്ല.

യുദ്ധ വിധവകള്‍ക്ക് ഒറ്റ തവണയായി പെന്‍ഷന്‍ നല്കും. മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കും. പതിനായിരം കോടി രൂപ വരെയാണ് പദ്ധതി നടപ്പില്‍ വരുത്താന്‍ ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പുതുക്കും. നാല്പതു വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണിതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം അധികചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. 40 വര്‍ഷമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 500 കോടി മാത്രമാണ് ഇതിനായി നീക്കിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഈ മാസം 12 ന് വന്‍ പ്രതിഷേധ പ്രകടനം നടത്താന്‍ വിമുക്ത ഭടന്മാര്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.