ഓം പ്രകാശ് റാവത്ത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2015 (08:17 IST)
തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത്തിനെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി നിയമിച്ചു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് റാവത്ത് മധ്യപ്രദേശ് കേഡറിലെ 1977 ബാച്ച് ഉദ്യോഗസ്ഥനാണ്.
 
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന എച്ച് എസ് ബ്രഹ്മ ഏപ്രിലില്‍ വിരമിച്ച ശേഷം മൂന്നംഗ കമ്മീഷനില്‍ ഒരു പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി, കമ്മീഷണര്‍ എ കെ ജ്യോതി എന്നിവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍. 
 
റാവത്ത് ചുമതലയേറ്റെടുക്കുന്ന അന്നുമുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക. ആറു വര്‍ഷമോ അല്ലെങ്കില്‍ 65 വയസ്സ് പൂര്‍ത്തിയാകുന്നതു വരെയോ ആണ് നിയമനം.
 
കേന്ദ്ര ഘനവ്യവസായ സെക്രട്ടറിസ്ഥാനമടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ തസ്തികകളില്‍ റാവത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.