ഒടിപി പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒല ടാക്സി ഡ്രൈവർ സോഫ്റ്റ് വെയർ എഞ്ചിനിയറെ കൊലപ്പെടുത്തി. കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. ഇടിയേറ്റ് ബോധരഹിതനായ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ചെന്നൈയ്ക്കടുത്ത് നാവലൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഒല ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഉമേന്ദറാണ് അടിയേറ്റു മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇയാൾ കൊയമ്പത്തൂരിൽ നിന്നും ചെന്നൈയിലെത്തിയത്. മാളിൽ കയറി സിനിമ കണ്ട് കുടുംബവുമായി തിരികെ വീട്ടിലേക്ക് പോകാനായി ഒല ടാക്സി വിളിച്ചു. നമ്പർ നോക്കി കാറിൽ കയറി. ഇതിനിടെ ഒടിപിയെ ചൊല്ലി തർക്കമാവുകയായിരുന്നു.