ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ഥികളെ നഗ്നരാക്കി ക്ളാസിനു പുറത്തു നിര്‍ത്തി; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Webdunia
ഞായര്‍, 13 മാര്‍ച്ച് 2016 (15:20 IST)
ഗൃഹപാഠം ചെയ്യാത്തതിനെത്തുടര്‍ന്ന് ട്യൂഷന്‍ ക്ലാസിന് പുറത്ത് വിദ്യാര്‍ഥികളെ നഗ്നരാക്കി നിര്‍ത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ മാല്‍വാനി ഗേറ്റ് നമ്പര്‍ അഞ്ചിലെ ശ്രീ ട്യൂട്ടോറിയലില്‍ വെള്ളിയാഴ്ചയാണു സംഭവമുണ്ടായത്. രണ്ട്, മൂന്ന് ക്ളാസുകളിലെ കുട്ടികളാണു ശിക്ഷ ഏറ്റുവാങ്ങിയത്.

ട്യൂഷന്‍ ക്ലാസിലെ ഗൃഹപാഠം ചെയ്യാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും നഗ്നരാക്കി വെളിയില്‍ നിര്‍ത്തുകയുമായിരുന്നു. ഈ സമയം അതുവഴി വന്നയാള്‍ കാര്യം അന്വേഷിക്കുകയും ദൃശ്യങ്ങള്‍ വാട്ട്‌സ്‌ആപ്പില്‍ ഇട്ടതോടയുമാണ് സംഭവം വാര്‍ത്താപ്രാധാന്യം നേടിയത്.

വിവാദ ദൃശ്യം പൊലീസ് കമ്മീഷണര്‍ക്കും ലഭിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ഗണേഷ് നായര്‍, അമ്മ ശ്രീദേവി, ഇയാളുടെ സഹോദരന്റെ ഭാര്യ സരോജ് എന്നിവരാണു ട്യൂഷന്‍ സെന്റര്‍ നടത്തിവരുന്നത്.