ആധാര്‍ ഇല്ല, ഇനി എന്‍‌പി‌ആര്‍!

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (17:31 IST)
രാജ്യത്തെ അനധികൃത കുടിയേറ്റം തടയുന്നതിനും യഥാര്‍ഥ പൗരന്മാരെ കണ്ടെത്തുന്നതിനും പുതിയ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പദ്ധതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡിനു പകരമായിരിക്കും എന്‍പിആര്‍ നടപ്പാക്കുക.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പടിയായാണ് എന്‍പിആര്‍ പദ്ധതി വ്യാപിപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

എന്‍പിആര്‍ പൂര്‍ണ്‍നതോതില്‍ സജ്ജമാകുന്നതോടെ ഇതിനെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനുള്ള രേഖയായും ഉപയോഗിക്കാം. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാപൗരന്മാര്‍ക്കും എന്‍പിആര്‍ ലഭ്യമാക്കാനാണ് നീക്കം.

പൗരന്മാര്‍ക്ക് മാത്രമാണ് എന്‍പിആര്‍ കാര്‍ഡ് ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും അധികൃതര്‍ നേരിട്ടെത്തി പരിശോധിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.