നോട്ട് നിരോധിക്കല്‍ വിളിച്ചുവരുത്തുന്നത് ദുരന്തങ്ങളോ ?; ജന ജീവിതം താറുമാറായത് ഇക്കാരണങ്ങളാല്‍!

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (16:34 IST)
ഹര്‍ത്താലുകളും പണിമുടക്കുകളും സഹിക്കാമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക  പരിഷ്‌കാരമായ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടും സഹിക്കാമെന്നായിരുന്നു ഒരു വിഭാഗം പേര്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക് എന്നാണ് നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള മൂന്നാം ദിവസവും മനസിലാക്കാന്‍ കഴിയുന്നത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ എടിഎം കൌണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പലയിടത്തും അതുണ്ടായില്ല. തുറന്ന കൌണ്ടറുകളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പണം തീര്‍ന്നു. ആവശ്യത്തിന് പണം ലഭിക്കാത്തതും പണം എടിഎം മെഷീനില്‍ നിറയ്‌ക്കാന്‍ കഴിയാത്തതുമാണ് അത്തരമൊരു സാഹചര്യത്തിന് കാരണമായത്.

അതേസമയം, ബാങ്കുകളില്‍ നോട്ടുകള്‍ മാറാനുള്ളവരുടെ നീണ്ട നിര തുടരുകയാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം മാറി ലഭിക്കാത്തതിനാല്‍ സാധരണക്കാരടക്കമുള്ളവര്‍ സമ്മര്‍ദ്ദത്തിലാണ്. തലശ്ശേരി എസ് ബി ടി ബാങ്കില്‍ പണം മാറി ലഭിക്കാത്തതിനാല്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചത് മാനസിക സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആവശ്യമായ പണത്തിന്റെ ലഭ്യത ഇല്ലാതായതോടെ വിവാഹമടക്കമുള്ള ചടങ്ങുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ചിലര്‍. സ്‌കൂള്‍ ഫീസ്, വിവിധ ലോണുകള്‍ എന്നിവ അടയ്‌ക്കേണ്ട സമയം എത്തിയതും മതിയായ പണം ഇല്ലാത്തതും മിക്കവരെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഓപ്പറേഷന്‍ അടക്കമുള്ള ആശുപത്രി ചെലവിനായി നോട്ടുകള്‍ മാറി ലഭിക്കാത്തത് ഗുരുതരസാഹചര്യമാണ് ഉണ്ടാക്കുന്നത്.

നോട്ടുകള്‍ മാറാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ ബാങ്കുകളിലെ പ്രവര്‍ത്തനവും താളം തെറ്റിയ അവസ്ഥയിലാണ്. പ്രത്യേക കൌണ്ടറുകള്‍ തുറന്നുവെങ്കിലും തിരക്ക് കുറയ്‌ക്കാന്‍ സാധിക്കുന്നില്ല. ബാങ്കുകളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതോടെ ബാങ്ക് ജീവനക്കാരും സമ്മര്‍ദ്ദത്തിലായി.

നോട്ടുകള്‍ മാറി ലഭിക്കാത്തതോടെ ജന ജീവിതം ഭാഗികമായി സ്‌തംഭിച്ച അവസ്ഥയിലാണ്. ഗര്‍ഭിണികള്‍ അടക്കമുള്ളവരാണ് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. രണ്ട് ദിവസമായി ബാങ്കില്‍ എത്തുന്നവരും ധാരാളമാണ്. പലരും ഓഫീസുകളില്‍ നിന്ന് അവധിയെടുത്തും മറ്റു തിരക്കുകള്‍ മാറ്റിവച്ചുമാണ് എത്തുന്നത്.

2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചവരും വെട്ടിലായിരിക്കുകയാണ്. നൂറ് രൂപയുടെ നോട്ടുകള്‍ ലഭിക്കാത്തതാണ് ഇവരെ വലയ്‌ക്കുന്ന പ്രശ്‌നം.  

രാജ്യത്തെ വ്യാപാര മേഖലകളെയും സാഹചര്യം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇടപാടുകള്‍ എത്താത്തതിനാല്‍ മാര്‍ക്കറ്റുകളില്‍ കച്ചവടം കുറവാണ്. കെട്ടിക്കിടക്കുന്ന പച്ചക്കറിയടക്കമുള്ള വസ്‌തുക്കള്‍ നിസാര വിലയ്‌ക്ക് വിറ്റു തീര്‍ക്കുകയാണ് പലയിടത്തും. ആവശ്യമായ പണം ജനങ്ങളില്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഹോട്ടലുകളില്‍ കച്ചവടം കുറവാണ് രേഖപ്പെടുത്തുന്നത്.
Next Article