ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്നും നാട്ടുകാര്‍ നോക്കി നില്‍ക്കെ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭീംസിംഗ് എന്ന യുവാവിനെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ആരും തന്നെ യുവാവിനെ രക്ഷിക്കാന്‍ തയ്യാറായില്ല. ഹിന്റോണ്‍ നദീതീരത്ത് നിന്നാണ് ഭീംസിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. തട്ടിക്കൊണ്ടു പോകുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നുയെങ്കിലും പ്രതികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തങ്ങളെ സഹായിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ഭീംസിംഗിന്റെ സഹോദരന് വ്യക്തമാക്കി. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.