നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത് ഭീകരരുടെ പുതിയ തന്ത്രത്തില്‍; വെളിപ്പെടുത്തലുമായി സുരക്ഷാ സേന ഉദ്യോഗസ്ഥന്‍

Webdunia
വെള്ളി, 12 ഫെബ്രുവരി 2016 (16:25 IST)
പത്താന്‍കോട്ടില്‍ മലയാളിയായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെടാനിടയായത് ഭീകരര്‍ പ്രയോഗിച്ച പുതിയൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് ദേശീയ സുരക്ഷാ സേന(എന്‍എസ്ജി) യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഭീകരരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാതെ ഉണ്ടായ ഈ നീക്കത്തെ നേരിടാനുള്ള പരിശീലനം സൈനികര്‍ക്ക് നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം പരിശോധിക്കാന്‍ നിരഞ്ജന്‍ മതിയായ സുരക്ഷ മുന്‍കരുതലുകള്‍ കൂടാതെയാണ് പോയതെന്ന ആരോപണം ശരിയല്ലെന്നും എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും നിരഞ്ജന്‍ പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ഇത്തരം നീക്കത്തെ പ്രതിരോധിക്കാനുള്ള പരിശീലനം സൈനികര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം പരിശോധിക്കുന്നതിനിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. മൃതദേഹം സൈനിക വാഹനമുപയോഗിച്ച് വലിച്ചിഴച്ചും തിരിച്ചും മിറിച്ചും ഇട്ടതിന് ശേഷമാണ് നിരഞ്ജന്‍ പരിശേധനയ്‌ക്കായി ചെന്നത്. മൃതദേഹത്തില്‍ നിന്ന് നിരഞ്ജന്‍ ഗ്രനേഡ് കണ്ടെടുക്കുകയും ചെയ്‌തു. എന്നാല്‍ അതിന്റെ പിന്‍ ഊരിമാറ്റിയിരിക്കുന്നതായി സഹപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞപ്പോഴേക്കും ഗ്രനേഡ് പൊട്ടിത്തെറിച്ചിരുന്നു. 
 
സാധാരണ ഗ്രനേഡുകള്‍ പിന്‍ ഊരിമാറ്റിയാല്‍ രണ്ട് സെക്കന്‍റ് കൊണ്ട് അത് പൊട്ടിത്തെറിക്കുമെന്നിരിക്കെ നിരഞ്ജന്റെ മരണത്തിന് കാരണമായ ഗ്രനേഡ് ചൈനീസ് നിര്‍മിതമായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടു കഴിഞ്ഞാലും പരിശേധനയ്‌ക്കായി എത്തുന്ന സൈനികരെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ഭീകരര്‍ ആസൂത്രണം ചെയ്‌ത പുതിയ പദ്ധതിയാകാം നിരഞ്ജന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.