വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി ഏഴംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും വിധിയില്‍ പറയുന്നു. കൂടാതെ ആറുമാസത്തിലൊരിക്കല്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിഴിഞ്ഞത്തിന് പരിസ്ഥിതി അനുമതി നല്‍കിയതിന് എതിരായ ഹര്‍ജിയിലും, 2011ലെ തീരദേശ നിയമഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലുമാണ് ഈ വിധി. വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വാദം കേട്ട അഞ്ച് അംഗ ബഞ്ചിലെ സാങ്കേതിക വിദഗ്ദ്ധന്‍ എആര്‍ യൂസഫ് കഴിഞ്ഞ ഓഗസ്റ്റ് 26ന് വിരമിച്ചു.
ഈ സാഹചര്യത്തില്‍ മറ്റൊരു സാങ്കേതിക വിദഗ്ദ്ധനെ ഉള്‍പ്പെടുത്തി പുനര്‍വാദം വേണോ വിധി പ്രസ്താവിക്കണോ എന്ന ചോദ്യത്തിന് പുനര്‍വാദം വേണ്ട എന്നും നിലവിലെ നാലംഗ ബെഞ്ച് തന്നെ വിധി പ്രസ്താവിച്ചാല്‍ മതിയെന്നുമായിരുന്നു ഇരു കക്ഷികളും വ്യക്തമാക്കിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹരിത ട്രിബ്യൂണല്‍ വിധി പ്രസ്ഥാവിച്ചത്.