കുട്ടികൾക്കെതിരെയുള്ള അതിക്രമം: ശിക്ഷ തീരുമാനിക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രീം കോടതി; നിരീക്ഷണം കുറ്റവാളികളുടെ ലൈംഗികശേഷി നഷ്‌ടപ്പെടുത്തണമെന്ന ഹര്‍ജിയില്‍
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികളുടെ ലൈംഗികശേഷി നഷ്‌ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷകരുടെ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.
പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കുകയാണ് ഇത്തരം ഹീനകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍, കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ഇരകളുടെ പ്രായം സംബന്ധിച്ച് നിയമത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒരു നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും കോടതി വാദത്തിനിടെ പരാമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍, ഈ നിരീക്ഷണങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും സര്‍ക്കാരിന് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ജനനേന്ദ്രിയം ഉടയ്ക്കുന്ന പോലുള്ള കടുത്ത ശിക്ഷകള്‍ നല്‍കുന്ന വിധത്തിലുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും നിലവിലെ നിയമം അപ്രായോഗികമാണെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾക്ക് ഇതുപോലുള്ള ശിക്ഷകൾ തന്നെയാണ് നൽകേണ്ടതെന്ന് ജഡ്ജി എൻ കിരുബാകാരൻ പറഞ്ഞിരുന്നു.