ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: പ്രതികളുടെ അഭിഭാഷകര്‍ക്ക് നോട്ടീസ്

Webdunia
ശനി, 7 മാര്‍ച്ച് 2015 (08:56 IST)
ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്ന് കാട്ടി പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എംഎല്‍ ശര്‍മ, എകെ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ഇന്നലെ വൈകുന്നേരമാണ് കൌണ്‍സില്‍ യോഗം കൂടി അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ലൈസന്‍സ് തിരിച്ചുവാങ്ങണമെന്ന് മറ്റ് അഭിഭാഷകര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യാക്കാര്‍ക്ക് മികച്ച സംസ്‌കാരം സ്വന്തമായി ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് അഭിമുഖത്തിനിടയില്‍ എംഎല്‍ ശര്‍മ വ്യക്തമാക്കുന്നുണ്ട്. എകെ സിംഗും ഈ അഭിപ്രായത്തോട് യോജിക്കുന്ന തരത്തില്‍ അഭിമുഖത്തില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

പത്ത് ദിവസമായാണ് തന്റെ അഭിമുഖം സംവിധായിക ലെസ്úലി ഉഡ്úവിന്‍ എടുത്തതെന്നും. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ ഒരു വരി മാത്രമെ അഭിമുഖത്തില്‍ കാണിച്ചിട്ടുള്ളുവെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നോട്ടീസിനു മറുപടി നല്‍കുമെന്നും എംഎല്‍ ഷര്‍മ കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.