കള്ളപ്പണം: വിവരം വെളിപ്പെടുത്താമെന്ന് സുപ്രീം കോടതി

Webdunia
വ്യാഴം, 1 മെയ് 2014 (17:12 IST)
കള്ളപ്പണക്കാരായ 26 പേരുടെ പേരുവിവരം വെളിപ്പെടുത്താമെന്ന് സുപ്രീം കോടതി. കള്ളപ്പണം തിരികെ എത്തിക്കാനുള്ള പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിക്കുകയും ചെയ്തു.

ജസ്റ്റിസ് എംബി ഷായാണ് അന്വേഷണ സംഘത്തിന്റെ പുതിയ അധ്യക്ഷന്‍. ജസ്റ്റിസ് അരിജിത് പസായത്ത് ഉപാധ്യക്ഷനാകും.

നേരത്തെ കള്ളപ്പണക്കാരായ 26 പേരുടെ വിവരം പുറത്ത് വിടാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഈ വിശദാംശങ്ങള്‍ ഹര്‍ജികാര്‍ക്ക് കൈമാറണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

നേരത്തെ അന്വേഷണം കഴിഞ്ഞ് വിചാരണ നേരിടുന്ന 18 പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് കൊടുത്തിരുന്നു. ഇതിന് പുറമെ അന്വേഷണം നടക്കുന്ന എട്ട് പേരുടെ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ട്.