വായ്പാ കുടിശിക ഇനത്തില്‍ 2,468 കോടി രൂപ കൂടി നൽകാം ; വിജയ് മല്യ

വെള്ളി, 22 ഏപ്രില്‍ 2016 (14:07 IST)
ബാങ്കുകൾക്ക് നൽകാനുള്ള വായ്പാ കുടിശിക ഇനത്തില്‍ 2,468 കോടി രൂപ കൂടി താന്‍ നൽകാമെന്നു രാജ്യംവിട്ട പ്രമുഖ മദ്യവ്യവസായി വിജയ് മല്യ സുപ്രീംകോടതിയെ അറിയിച്ചു. തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമായിരിക്കും ഇതെന്നും മല്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി മല്യ നൽകിയില്ല.
 
കനത്ത നഷ്ടത്തിലായതിനെ തുടര്‍ന്നാണ് കിങ്ങ്ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയത്. ഇന്ധനവില വർധിച്ചതും അമിത നികുതി ഏർപ്പെടുത്തിയതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യു ബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി. നേരത്തെ 4,400 കോടി രൂപ നൽകാമെന്നു വിജയ് മല്യ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനം ബാങ്കുകളുടെ കൺസോർഷ്യം തള്ളുകയായിരുന്നു.
 
വിവിധ ബാങ്കുകളിൽ നിന്നും 9000 കോടി രൂപയുടെ വായ്പയാണ് മല്യ എടുത്തിരുന്നത്. ഈ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയശേഷം ബ്രിട്ടനിലേക്കു മുങ്ങിയ മല്യയ്ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക