‘ഹിന്ദി അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല’; വിശദീകരണവുമായി അമിത് ഷാ

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (19:18 IST)
ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണ് താന്‍ പറഞ്ഞത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല. ഞാനുള്‍പ്പെടെ ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതിന് പിന്നില്‍ ചിലര്‍ രാഷ്ട്രീയം ചേര്‍ക്കുകയാണ്. അതിന് മുമ്പ് കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഹിന്ദി ദിവസിൽ ‘ഒരു രാജ്യം, ഒരു ഭാഷ’ പ്രസ്താവന വിവാദമായതിനു പിന്നാലെ അമിത് ഷാ വ്യക്തമാക്കി.

രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാൻ കഴിയുമെന്നുമാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടികളിൽ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞത്. പിന്നീട് ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണുയർന്നത്. ബിജെപി സഖ്യകക്ഷികൾ അടക്കം ഇതിനെതിരെ രംഗത്തുവന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article