നേതാജിക്ക് ഭാരത രത്ന നല്‍കാന്‍ മോഡി കൊതിച്ചു; കുടുംബം എതിര്‍ത്തു!

Webdunia
ശനി, 27 ഡിസം‌ബര്‍ 2014 (08:34 IST)
രാജ്യം കണ്ട മികച്ച സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനുമായ നേതാജി സുഭാഷ്ചന്ദ്ര ബോസിന് ഭാരത രത്ന പുരസ്കാരം നല്‍കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യ സമര സേനാനി നേതാവ് മദന്‍ മോഹന്‍ മാളവ്യക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കുമൊപ്പം നേതാജിക്കും പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാനായിരുന്നു മൊഡി ഉദ്ദേശിച്ചിരുന്നത്.
 
മരണനാനന്തര ബഹുമതിയായി പുരസ്കാരം നല്‍കണമെന്ന് മോഡി ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായ സുഭാഷ് ചന്ദ്രബോസ് ഇപ്പോഴും ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്ന കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് അത് പ്രഖ്യാപിക്കാതിരുന്നതെന്നും സൂചനയുണ്ട്. നേതാജി ഭാരതരത്‌നത്തിനും മീതെയാണെന്ന് ഇതുസംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹത്തിന്റെ പേരക്കുട്ടി സുഗത ബോസ് ഓഗസ്റ്റില്‍ അഭിപ്രായപ്പെടുകയുണ്ടായി.
 
മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കണമെന്ന തീരുമാനത്തോടാണ് നേതാജിയുടെ കുടുംബാംഗങ്ങള്‍ക്കെതിര്‍പ്പ്. അദ്ദേഹം മരിച്ചോ അതോ ജീവിച്ചിരുപ്പുണ്ടോ എന്നതുസംബന്ധിച്ച് ഇന്നും കൃത്യമായ വിവരങ്ങളില്ല. നേതാജിയുടെ കുടുംബവും അദ്ദേഹത്തിന്റെ ആരാധകരും വിശ്വസിക്കുന്നത് നേതാജി ജീവിച്ചിരുപ്പുണ്ടെന്നും എന്നെങ്കിലും മടങ്ങിവരുമെന്നുമാണ്. ഈ വിശ്വാസം തകരാതിരിക്കുന്നതിനാണ് പുരസ്‌കാരം പോലും വേണ്ടെന്നുവെക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. 1945-ല്‍ ഫോര്‍മോസയില്‍നിന്ന് വിമാനത്തില്‍ മടങ്ങുമ്പോള്‍ നേതാജി അപ്രത്യക്ഷനായി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.