നെസ്‌ലയുടെ പാസ്‌തയില്‍ മാരകമായ തോതില്‍ ഈയത്തിന്റെ അംശം

Webdunia
ശനി, 28 നവം‌ബര്‍ 2015 (10:26 IST)
നെസ്‌ലയുടെ പാസ്‌ത വിഷാംശവിവാദത്തില്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പാസ്‌തയില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗിക്ക് പിന്നാലെ നെസ്ലെ വിവാദക്കുരുക്കില്‍ അകപ്പെട്ടത്.

സര്‍ക്കാര്‍ ലാബോറട്ടറിയില്‍ നടത്തിയ പരിശേധനയില്‍ പാസ്‌തയില്‍ കൂടിയ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയ സാഹചര്യത്തില്‍ നിരോധനം അടക്കമുള്ള വിഷയം വീണ്ടും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.  നെസ്ലെയുടെ മാഗി നൂഡില്‍സില്‍ ഈയത്തിന്റെയും മോണോ സോഡിയം ഗ്ളൂട്ടാമേറ്റിന്റെയും അളവ് അനുവദനീയമായതിലും കൂടിയ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ചുമാസത്തോളം വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.

വിലക്കിന് ശേഷം മാഗി നൂഡില്‍‌സ് തിരിച്ചെത്തിയതിന് പിന്നാലെയാണ് നെസ്ലെയുടെ പാസ്‌തയിലും ആരോഗ്യത്തിന് ഹാനികരമാകുന്ന വിഷാംശങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മൌവിലെ നെസ്ലെ ഉത്പന്നവിതരണക്കാരായ സ്രിജി ട്രേഡേഴ്സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച പാസ്ത സാമ്പിളുകളാണ് ലക്നൌവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശോധിച്ചത്.