നേപ്പാളിലേക്ക് ചൈനയുടെ റെയില്‍ പാത, ആശങ്കയോടെ ഇന്ത്യ

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (08:39 IST)
ടിബറ്റിനും നേപ്പാളിനുമിടയില്‍ റെയില്‍വേ സേവനത്തിന് ചൈന നീക്കമാരംഭിച്ചു. ഇന്ത്യ ഏറെ തന്ത്രപ്രധാനമെന്ന് കരുതുന്ന എവറസ്റ്റ് മേഖലയില്‍ കൂടീയാണ് ചൈന നേപ്പളിലേക്ക് റെയില്‍ പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇത് ഇന്ത്യ ആശങ്കയിലാഴ്ത്തുന്നുണ്ട്. എവറസ്റ്റ് മലനിരകളിലൂടെ ടണല്‍ വഴി 540 കിലോമീറ്റര്‍ അതിവേഗ റെയില്‍പാതയ്ക്കാണ് ചൈനയുടെ നീക്കം. 2020ഓടെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് വ്യക്തമല്ല. മണിക്കൂറില്‍ 120കിലോമീറ്റര്‍ വേഗതയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ക്വിന്‍ഖായ്-ടിബറ്റ് റെയില്‍വെ സേവനമാണ് വിപുലീകരിച്ച് നേപ്പാളിലേക്ക് നീട്ടുന്നത്. 1,956 കിലോമീറ്റര്‍ നീളമുള്ള ക്വിന്‍ഖായ്-ടിബറ്റ് റെയില്‍ പാത ചൈനയുടെ മറ്റു ഭാഗങ്ങളെ ടിബറ്റന്‍ തലസ്ഥാനമായ ലാസയുമായി ബന്ധിപ്പിക്കുന്നുണ്ട്. ചൈനയുടെ ഈ നീക്കാം ഇന്ത്യയെ ഏറെ പ്രകോപിപ്പിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും നേപ്പാളില്‍ വലിയ സ്വാധീനമുണ്ട്.

സാര്‍ക്ക് രാജ്യങ്ങളില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം കുറയ്ക്കാനുള്ള ചൈനയുടെ നീക്കമാണീതെന്നും വിലയിരുത്തലുണ്ട്. ദലൈലാമയുടെ ദര്‍ശനത്തിനായി നേപ്പാള്‍ വഴി ഇന്ത്യയിലെ ധര്‍മശാലയിലെത്തുന്ന ടിബറ്റന്‍ പൗരന്മാരുടെ ഒഴുക്കിലുള്ള അപ്രിയം പ്രകടിപ്പിക്കാനാണ് ചൈന നേപ്പാളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതെന്നും കരുതപ്പെടുന്നു. എന്നാല്‍ നേപ്പാളിന്റെ ആവശ്യപ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്ന് ചൈന പ്രസ്താവിച്ചു.

അടുത്ത കാലത്ത് നേപ്പാളിനുള്ള വാര്‍ഷിക ധനസഹായം ബീജിംങ് 24 മില്ല്യണില്‍ നിന്ന് 128 മില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്. അപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് അപകടം മണത്തതാണ്. നേരത്തെ ഭൂട്ടാനിലേക്കും ഇന്ത്യയിലേക്കും റെയില്‍പാത വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയിട്ടുണ്ട്. എന്നാല്‍ പ്രലോഭനത്തെ തന്ത്രപൂര്‍വ്വമാണ് ഇന്ത്യ നേരിട്ടത്. ഇപ്പോഴത്തേത് ഇന്ത്യയെ ഞെട്ടിച്ചിട്ടുമുണ്ട്. നേപ്പാളിന്റെ കാര്‍ഷിക കയറ്റുമതി കൂടുതലും ചൈനയിലേക്കായതിനാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഇടപെടാനും സാധിക്കില്ല.

ചൈനയുടെ പദ്ധതി ഇന്ത്യയ്ക്ക് ആശങ്ക വളര്‍ത്തുന്നതാണെങ്കിലും നേപ്പാളിന് ഏറെ ഗുണം ചെയ്യുന്നതാണ്. പദ്ധതി നടപ്പിലാക്കാനായി നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് റെയില്‍വെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഗതാഗത മേഖലയില്‍ മുന്നേറ്റം അവകാശപ്പെടാനാവുന്ന പദ്ധതി കാര്‍ഷീകോത്പന്നങ്ങളുടെ കയറ്റുമതിയില്‍ പുത്തനുണര്‍വ് നല്‍കും. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ റെയില്‍വെ ബന്ധം ഇല്ലാത്തതിനാല്‍ യുടെ വിപുലീകരണം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ടൂറിസവും ഉത്തേജിപ്പിക്കുമെന്ന് ചൈന ഔദ്യോഗികമാധ്യമത്തിലൂടെ വ്യക്തമാക്കി.