തിങ്കളാഴ്ച രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടക്കുന്ന നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തേക്കും. എന്നാല്‍, ഇതു സംബന്ധിച്ച് ഇന്ത്യയ്ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല.
നേരത്തെ മോഡി എല്ലാ സാര്‍ക്ക് രാഷ്ട്രത്തലവന്മാരെയും സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഷെരീഫ് ചടങ്ങിനെത്തിയേക്കില്ലെന്നായിരുന്നു തുടക്കത്തിലെ സൂചന. ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പാകിസ്ഥാനുമായുള്ള ബന്ധം വഷളായേക്കുമോ എന്ന ആശങ്കയ്ക്കിടയിലാണ് മോഡി ഷെരീഫിന് കത്തയച്ചത്. ഷെരീഫ് ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്‌സെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും അത് ഭരണസംഖ്യമായ എന്‍ഡിഎയില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്രാധിനിത്യമില്ലെങ്കിലും ബിജെപിയുടെ സഖ്യകക്ഷിയായ എംഡിഎംകെ നേതാവ് വൈക്കോ ഇതിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. രാജപക്‌സെ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് എഐഎഡിഎംകെയും അറിയിച്ചിട്ടുണ്ട്.
അതേസമയം ഷെരീഫ് അടക്കമുള്ള രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാച്ചടങ്ങിന് ക്ഷണിച്ച നരേന്ദ്ര മോഡിയുടെ നടപടിയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിഡിപി. നേതാവ് മെഹബൂബ മുഫ്തിയും ശ്ലാഘിച്ചു. ഷെരീഫിനെ ക്ഷണിക്കാനുള്ള തീരുമാനത്തെ കശ്മീരിലെ വിഘടനവാദി നേതാവ് മിര്‍വൈസ് ഉമര്‍ ഫാറൂഖും സ്വാഗതം ചെയ്തു.
ഇതാദ്യമായാണ് ഒരു ഇന്ത്യ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ജപ്പാന്‍ സന്ദര്‍ശനത്തിനായതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തില്ല. പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് സ്പീക്കറായിരിക്കും ചടങ്ങില്‍ പങ്കെടക്കുക.