അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി; ധോണി ബിജെപിക്കൊപ്പം ? - പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (15:04 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്‌ച നടത്തി. കേന്ദ്രമന്ത്രി പിയുഷ് ഗോയൽ ഉൾപ്പെടെ നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

‘സമ്പർക്ക് ഫോർ സമർഥൻ’ എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായിട്ടാണ് ഞായറാഴ്‌ച അമിത് ഷാ ധോണിയെ കണ്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ നാലു വർഷ കാലയളവിനിടെ രാജ്യത്തിനായി ചെയ്‌ത കാര്യങ്ങളും നേട്ടങ്ങളും അമിത് ഷാ ധോനിയുമായി പങ്കുവെച്ചു.

‘സമ്പർക്ക് ഫോർ സമർഥൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തു വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ടു പിന്തുണയഭ്യർഥിക്കാൻ ബിജെപി മുൻകയ്യെടുക്കുന്നത്. സാമൂഹിക, സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരെ കണ്ട് അവരെ ഒപ്പം നിര്‍ത്താനാണ് നീക്കം. ഒരു ലക്ഷത്തോളം ആളുകളുമായി കൂടിക്കാഴ്‌ച നടത്താനാണ് ബിജെപി ശ്രമിക്കുന്നത്.

മുമ്പ് ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. അതേസമയം, അമിത് ഷാ - ധോണി കൂടിക്കാഴ്‌ച പുതിയ വാര്‍ത്തകള്‍ക്ക് തുടക്കമിട്ടു. ധോണി ബിജെപിയുമായി അടുക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍