പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു
ശനി, 4 ഓഗസ്റ്റ് 2018 (16:29 IST)
രാജ്യത്ത് വീണ്ടും പശുക്കടത്തലിന്റെ പേരില്‍ കൊലപാതകം. ഹരിയാനയിലെ പല്‍വാളില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍കൂട്ടം യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ജനക്കൂട്ടം ആക്രമിച്ചു. ഇവർ ഓടിരക്ഷപ്പെട്ടു.
രാജ്യ തലസ്ഥാനത്ത് നിന്നും കേവലം 80 കിലോമീറ്റര്‍ അകലെയാണ് അരുകൊല അരങ്ങേറിയത്. 25 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
കന്നുകാലിയെ കെട്ടിയ കയറഴിക്കുന്നത് കണ്ട യുവാവിനെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ട ശേഷം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ക്രൂരമായ പീഡനത്തിനിടെ അര്‍ദ്ധരാത്രിയോടെ ഇയാള്‍ മരിച്ചു. മരണം ഉറപ്പായതോടെ അക്രമികള്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിന് നേതൃത്വം നല്‍കിയ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടുപേര്‍ സഹോദരന്‍മാരാണ്. മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.