കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു; ആരും കാണാതെ കിടന്നത് 20 മിനിറ്റോളം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 ജൂലൈ 2025 (15:56 IST)
raj
കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി രാജാണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെ ജിമ്മില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മുളന്തുരുത്തിയിലുള്ള ജിമ്മില്‍ യുവാവ് വ്യായാമം ചെയ്യുമ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മില്‍ എത്തുന്ന ആളാണ് ഇയാള്‍.
 
സാധാരണ ആറുമണിക്കാണ് ഇദ്ദേഹം ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ ഇന്ന് നേരത്തെ എത്തുകയായിരുന്നു. യുവാവ് 5. 26ന് ജിമ്മില്‍ കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ആദ്യം നെഞ്ചില്‍ കൈവെച്ച് യുവാവ് അമര്‍ത്തുകയും ഏതാനും സെക്കന്‍ഡുകള്‍ നടക്കുകയും പിന്നീട് ഇരിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഒരു മിനിറ്റ് ഇരുന്നശേഷം താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഇരുപതോളം മിനിറ്റ് ഇയാള്‍ ജിമ്മില്‍ ഇങ്ങനെ കിടക്കുകയായിരുന്നു. ഇതിനുശേഷം ജിമ്മില്‍ എത്തിയവരാണ് ഇത് കാണുന്നത്.
 
ഉടന്‍ തന്നെ സിപിആര്‍ നല്‍കി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യുവാവിന്റെ ഭാര്യ വിദേശത്ത് നേഴ്‌സായി ജോലി ചെയ്യുകയാണ്. നേരത്തെ ഇയാള്‍ സമീപപ്രദേശത്ത് മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍