കോൺഗ്രസ് പാർട്ടി ചിരി ക്ലബായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി അധികാരത്തിലേറിയ കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴ ആരോപണത്തിലായി. ദേവഭൂമി എന്നറയിപ്പെടുന്ന ഹിമാചൽപ്രദേശിനെ അഞ്ച് രാക്ഷസന്മാർ പിടികൂടിയിരിക്കുയാണെന്നും ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവെ മോദി പരിഹസിച്ചു.
അഴിമതിക്കേസിൽപെട്ട മുഖ്യമന്ത്രി വീരഭദ്ര സിംഗ് ജാമ്യത്തിലിറങ്ങി നടക്കുകയാണ്. എന്നാൽ അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറയുന്നു തങ്ങൾ അഴിമതിയോട് സന്ധിചെയ്യില്ലെന്ന്. ഇത് സാധാരണ ജനങ്ങൾക്ക് ദഹിക്കാൻ കഴിയുന്നതാണോ ?. ഹിമാചലിനെ കവർച്ചക്കാരിൽനിന്നു രക്ഷിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
ഖനന മാഫിയ, വന മാഫിയ, മയക്കുമരുന്ന് മാഫിയ, ടെണ്ടർ മാഫിയ, സ്ഥലംമാറ്റ മാഫിയ എന്നിവ ഹിമാചൽപ്രദേശിനെ വിഴുങ്ങുന്ന അവസ്ഥയാണുള്ളത്. കോൺഗ്രസ് ഇപ്പോൾ ഗാന്ധിയുടേതോ സ്വാതന്ത്രസമരപോരാളികളുടേയോ പാർട്ടിയല്ല. അഴിമതി, കുടുംബ വാഴ്ച, ജാതിയത എന്നിവയുടെ പാർട്ടിയായി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പിലൂടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ കോണ്‍ഗ്രസിനെ തൂത്തെറിയാൻ ജനങ്ങൾക്ക് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.