നിതി ആയോഗ് ഭരണ സമിതിയോഗം ഇന്ന്; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടു നില്‍ക്കും

Webdunia
ബുധന്‍, 15 ജൂലൈ 2015 (09:13 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ക്കുന്ന നിതി ആയോഗ് ഭരണ സമിതി യോഗം ഇന്ന് നടക്കും. വടക്കു കിഴക്കന്‍ മേഖലയിലെ മുഖ്യമന്ത്രിമാരെ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടു നില്‍ക്കുമെന്നാണ് അറിയുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവര്‍ വിട്ടു നില്‍ക്കുന്നത്. ഹൈക്കമാന്‍ഡിന്റെ ഉത്തരവ് പ്രകാരമാണ് ഇവര്‍ വിട്ടു നില്‍ക്കുന്നത്. വടക്കു കിഴക്കന്‍ മേഖലയിലെ സുപ്രധാന വികസന പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

വടക്കു കിഴക്കന്‍ മേഖലയിലെ ഏഴില്‍ അഞ്ചു സംസ്ഥാനങ്ങളും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇവര്‍ നിതി ആയോഗ് ഭരണ സമിതിയോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യും. യോഗം ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശം. അതേസമയം, രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിളിച്ചു ചേര്‍ക്കുന്ന ഇഫ്‌താര്‍ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. കഴിഞ്ഞ വര്‍ഷവും മോഡി പങ്കെടുത്തിരുന്നില്ല.

വൈകീട്ട് ഏഴിന് സിക്കിം അടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനാലാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് മോഡിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.