മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് കാണും. കൂടിക്കാഴ്‌ചയില്‍ വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകണമെന്ന് ജയലളിത മോദിയോട് ആവശ്യപ്പെടും.
അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിക്കണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഒപ്പം കാവേരി വിഷയത്തിലും കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഉറപ്പാക്കണമെന്നു തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഒപ്പം 32 ആവശ്യങ്ങളടങ്ങിയ നിവേദനവും കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിച്ച നിലാപട് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. അതേസമയം, അണ്ണാ ഡിഎംകെയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ വിട്ടു വീഴ്‌ചകള്‍ നടത്തുന്ന മോദി ജയലളിതയുടെ ആവശ്യങ്ങള്‍ ഭാഗീകമായി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ മഴ കനത്തതോടെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് നീക്കം ശക്തമാക്കിയത്. അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ തമിഴ്‌നാട് ആരംഭിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുമെന്ന് വ്യക്തമാണ്.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എഡി എം കെ വാഗ്‌ദാനം ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ നിര്‍ദേശം മാനിച്ചാണ് ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം.