മോഡി ബിഹാറിലെ ജനങ്ങള്‍ക്ക് കെട്ടുകഥകള്‍ നല്‍കുന്നു: നിതീഷ് കുമാര്‍

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (13:14 IST)
നവംബറില്‍ നടക്കാന്‍ പോകുന്ന ബിഹാർ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 1.25 ലക്ഷം കോടിയുടെ പാക്കേജ്,​ മുൻ പദ്ധതികളും നിലവിലെ പദ്ധതികളും ഒന്നിച്ച് ചേർത്ത് വീണ്ടും അവതരിപ്പിച്ചതാണ്. പ്രധാനമന്ത്രി ബിഹാറിലെ ജനങ്ങള്‍ക്ക് കെട്ടുകഥകള്‍ നല്‍കുകയാണെന്നും ട്വിറ്ററില്‍ നിതീഷ് രേഖപ്പെടുത്തി.

ആകെയുള്ളതിൽ 1.08 ലക്ഷം കോടിയും മുൻ പദ്ധതികളുടേതാണ്. സംസ്ഥാനത്തെയും ബീഹാറുകാരുടെ വിശ്വാസത്തെയും മോഡി  ലേലത്തിന് വെയ്ക്കുകയാണെന്നും നിതീഷ് ആരോപിച്ചു. പഴയ പദ്ധതികള്‍ പേരുമാറ്റി പുതിയ പദ്ധതിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിഹാറിന് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. ഇതിനു പുറമെ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് 40,000 കോടി രൂപയും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.